Saturday, 27 December 2008

സയീദിന്റെ മകനു മത്സരിക്കാന്‍ കേന്ദ്രം ബില്‍ പാസാക്കി ????

സയീദിന്റെ മകനു മത്സരിക്കാന്‍ കേന്ദ്രം ബില്‍ പാസാക്കി

ന്യൂഡല്‍ഹി: ഹേമന്ദ്‌ കാര്‍കറെയുടെ മരണം സംബന്ധിച്ച്‌ കേന്ദ്രമന്ത്രി ആന്തുലേ ഉയര്‍ത്തിയ വിവാദ പ്രസ്‌താവനയുടെയും ബഹളത്തിന്റെയും മറവില്‍ കേന്ദ്രം ചര്‍ച്ചയില്ലാതെ പാസാക്കിയ ബില്ലുകളില്‍ മുന്‍മന്ത്രിയുടെ മകനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്ന വിവാദബില്ലും.

പാര്‍ലമെന്റ്‌ സമ്മേളനത്തിന്റെ അവസാനദിവസം അരമണിക്കൂറിനുള്ളില്‍ പ്രധാനപ്പെട്ട 11 ബില്ലുകളാണ്‌ വോട്ടെടുപ്പോ ചര്‍ച്ചയോ കൂടാതെ സര്‍ക്കാര്‍ പാസാക്കിയത്‌. ലക്ഷദ്വീപില്‍ ജനിക്കുന്നവര്‍ക്കു മാത്രം പട്ടികവര്‍ഗപദവി ലഭിക്കുന്ന നിയമം ഭേദഗതി ചെയ്‌തുകൊണ്ടുള്ള ബില്ലും അതില്‍ ഉള്‍പ്പെടുന്നു. അന്തരിച്ച മുന്‍കേന്ദ്രമന്ത്രി പി.എം. സയീദിന്റെ മകന്‍ ഹംതുള്ളാ സയീദിന്‌ അടുത്ത പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ലക്ഷദ്വീപില്‍നിന്നു മത്സരിക്കാന്‍ അവസരമൊരുക്കുകയാണു ബില്ലിന്റെ ലക്ഷ്യമെന്ന്‌ ആരോപണമുയര്‍ന്നു.

1951-ലെ ഭരണഘടനാ ഉത്തരവനുസരിച്ച്‌ ലക്ഷദ്വീപില്‍ താമസിക്കുന്ന മാതാപിതാക്കള്‍ക്ക്‌ ലക്ഷദ്വീപില്‍ ജനിക്കുന്ന കുട്ടികള്‍ക്കു മാത്രമാണ്‌ പട്ടികവര്‍ഗപദവി. ദ്വീപില്‍ ജാതി-മതഭേദമന്യേ എല്ലാവരും പട്ടികവര്‍ഗമാണ്‌. ദ്വീപിലെ ആശുപത്രി, വാഹനസൗകര്യങ്ങളുടെ അപര്യാപ്‌തത മൂലം എഴുപതുകളോടെ കേരളത്തിലെ ആശുപത്രികളിലേക്കു പ്രസവത്തിന്‌ പോയിത്തുടങ്ങിയതോടെ അങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക്‌ പട്ടികവര്‍ഗപദവി ലഭിക്കില്ലെന്ന അവസ്‌ഥ വന്നു. ആകെ ജനസംഖ്യയായ 75,000 പേരില്‍ രണ്ടായിരത്തിലധികം പേര്‍ ഇങ്ങനെയുള്ളവരാണ്‌. ലക്ഷദ്വീപില്‍നിന്ന്‌ ഏറെക്കാലം എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന സയീദിന്റെ മകന്‍ ഹംതുള്ള ജനിച്ചതും വളര്‍ന്നതും പഠിച്ചതും ജോലി ചെയ്യുന്നതും ഡല്‍ഹിയിലാണ്‌. അടുത്ത തെരഞ്ഞെടുപ്പില്‍ ഹംതുള്ളയെ ദ്വീപില്‍നിന്നു കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായി മത്സരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു ധൃതിയില്‍ ബില്‍ പാസാക്കിയതെന്നാണ്‌ ആക്ഷേപം. ബില്‍ ചര്‍ച്ച കൂടാതെ പാസാക്കിയതില്‍ എതിര്‍പ്പുണ്ടെന്നും ആന്തുലേ പ്രശ്‌നത്തിലുണ്ടായ ബഹളത്തിനിടെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുക്കുകയായിരുന്നെന്നും ലക്ഷദ്വീപ്‌ എം.പി: ഡോ. പി.പി. കോയ ആരോപിച്ചു. സൗകര്യങ്ങളുടെ അപര്യാപ്‌തത മൂലം ലക്ഷദ്വീപിനു പുറത്ത്‌ ജനിക്കുന്നവര്‍ക്കും പട്ടികവര്‍ഗപദവി നല്‍കുന്നതിനുള്ള ബില്‍ 2003-ല്‍ എന്‍.ഡി.എ. സര്‍ക്കാര്‍ അവതരിപ്പിച്ചെങ്കിലും ആഭ്യന്തരമന്ത്രാലയം ശിപാര്‍ശ അംഗീകരിച്ചില്ല. യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദ്വീപിലെ 'സ്‌ഥിരം താമസക്കാര്‍'ക്കും പട്ടികവര്‍ഗപദവി നല്‍കാനുള്ള ശിപാര്‍ശ ബില്ലില്‍ ഭേദഗതിയായി ചേര്‍ക്കാന്‍ നിര്‍ദേശിച്ചു. ജനിച്ചയുടന്‍ 10 വര്‍ഷത്തില്‍ കുറയാതെ ദ്വീപില്‍ താമസിച്ചവരാണ്‌ ഈ 'സ്‌ഥിരം താമസക്കാര്‍' എന്നാണ്‌ ആഭ്യന്തരമന്ത്രാലയം നിര്‍വചിച്ചത്‌. 10 വര്‍ഷം സ്‌ഥിരമായി ദ്വീപില്‍ താമസിച്ചിട്ടില്ലാത്തതിനാല്‍ ഹംതുള്ളയ്‌ക്ക് ഈ ഭേദഗതിയിലൂടെ സംവരണം നല്‍കാന്‍ കഴിയില്ലായിരുന്നു.

തുടര്‍ന്ന്‌ 2005 ഏപ്രിലില്‍ 'സ്‌ഥിരം താമസക്കാര്‍' എന്ന നിര്‍വചനം ആഭ്യന്തരമന്ത്രാലയം വീണ്ടും മാറ്റി. ദ്വീപില്‍ സ്‌ഥിരമായി താമസിക്കുന്നവരോ 'താമസയോഗ്യമായ വീട്‌' ഉള്ളവരോ സ്‌ഥിരംതാമസക്കാര്‍ ആകുമെന്നായി ഭേദഗതി. കഴിഞ്ഞവര്‍ഷം നവംബറില്‍ പുതിയ ഭേദഗതിയോടെ രാജ്യസഭയില്‍ ബില്‍ വീണ്ടുമവതരിപ്പിച്ചു. സര്‍ക്കാര്‍ ബില്‍ അതേപടി പാസാക്കി. ഇതോടെ, ലക്ഷദ്വീപിനു പുറത്ത്‌ ഇത്രകാലവും ജീവിച്ച ഹംതുള്ള ദ്വീപില്‍ കുടുംബവീടുണ്ടെന്ന കാരണത്താല്‍ പട്ടികവര്‍ഗപദവിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അര്‍ഹനായി.

No comments:

Post a Comment