Tuesday, 14 July 2009

ലക്ഷദ്വീപ് - ഒരു ആകാശ കാഴ്ച



സ്വര്‍ഗം പോലെ സുന്ദരമായ നാട്. നീലനിറമുള്ള ഓളപ്പരപ്പിനു നടുവില്‍ മനോ ഹാരിതയുടെ പച്ചപ്പണിഞ്ഞ ലക്ഷദ്വീപിനെ വര്‍ണിക്കാന്‍ വാക്കുകള്‍ പോ രാതെ വരുമെന്നു തോന്നുക സ്വഭാവികം. അതു കൊണ്ടാണു ഗോപാല്‍ ബോധെ ചിത്രങ്ങളിലൂടെ ലക്ഷദ്വീപിന്‍റെ ഭംഗിയെ വര്‍ണിക്കുന്നത്. സ്വര്‍ഗം പോലെ സുന്ദരമായ നാടാവുമ്പോള്‍ ചിത്രമെടുക്കേണ്ടതും സ്വര്‍ഗത്തില്‍ നിന്നാവണമല്ലോ. കുറഞ്ഞത് ആകാശത്തു നിന്നെങ്കിലും. നേവിയിലെ ഫോട്ടൊഗ്രഫറായ ഗോപാല്‍ ബോധെയുടെ ലക്ഷദ്വീപ് - എ വ്യൂ ഫ്രം ഹെവന്‍സ് എന്ന പുസ്തകം ആകാശത്തു നിന്നെടുത്ത ലക്ഷദ്വീപിന്‍റെ ചിത്രങ്ങളാണ്.
വിമാനം, ഹെലികോപ്റ്റര്‍ തുടങ്ങിയവയില്‍ നിന്നെടുത്ത ക്യാമറക്കാഴ്ചകളിലൂടെ ലക്ഷദ്വീപിന്‍റെ ഭംഗി പുസ്തകത്തില്‍ വിവരിക്കുന്നു. പുസ്തകത്തിന്‍റെ പ്രകാശനം ഇന്നലെ കൊച്ചി നേവല്‍ ബേസില്‍ ഫ്ളാഗ് ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സുനില്‍.കെ. ദാംലെ നിര്‍വഹിച്ചു. വ്യൂ ഫ്രം ഹെവന്‍ എന്ന സീരീസിലെ ഏഴാമത്തെ പുസ്തകമാണു ലക്ഷദ്വീപ്. മുംബൈ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെ സ്വര്‍ഗക്കാഴ്ചകള്‍ ഇതിനു മുമ്പ് ബോധെ പുസ്തമാക്കിയിരുന്നു.
മഹരാഷ്ട്രയിലെ സാംഗ്്ലിയില്‍ ജനിച്ച ഗോപാല്‍ ബോധെ ഏരിയല്‍, ഇന്‍ഫ്രാറെഡ് ഫോട്ടൊഗ്രാഫര്‍മാരില്‍ മുന്‍നിരക്കാരനാണ്. പത്താം വയസില്‍ മഹരാഷ്ട്രയിലെ ഒരു ചെറിയ സ്റ്റുഡിയോയില്‍ ഫോട്ടൊഗ്രാഫി ജീവിതം ആരംഭിച്ചത്.പിന്നീട് ഫോട്ടൊഗ്രാഫിയില്‍ എറ്റവും വെല്ലുവിളി നിറഞ്ഞ മേഖലയായ ഏരിയല്‍ ഇന്‍ഫ്രാറെഡ് ഫോട്ടൊഗ്രാഫിയിലേക്കു തിരിഞ്ഞു.
ബോധെയ്ക്കു ക്യാമറയെന്നതു വെറും ഉപകരണം മാത്രമല്ല. ആത്മാവും ജീവിതവുമാണ്. ഫോട്ടൊഗ്രാഫിയോടുള്ള അര്‍പ്പണവും സ്നേഹവുമാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങളെ മിഴിവുറ്റതാക്കുന്നത്. ആകാശചിത്രങ്ങള്‍ പുസ്തകമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതി ബോധെയ്ക്കു സ്വന്തം. രാജ്യത്തിലെ വിവിധ പ്രദേശങ്ങളുടെ ചിത്രീകരണ രേഖകള്‍ തയാറാക്കുന്നതില്‍ ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു. 12 വര്‍ഷമായി നേവി ഡേയോടനുബന്ധിച്ചു നടത്തുന്ന എക്സിബിഷനുകളുടെ കോ ഓര്‍ഡിനേറ്ററായിരുന്നു ബോധെ. പ്രകൃതിയോടുള്ള സ്നേഹം വളര്‍ത്താന്‍ നേവി ഉദ്യോഗസ്ഥരെയും നാവികരെയും ഉള്‍പ്പെടുത്തി നേച്ചര്‍ ക്ലബ് എന്ന സംഘടനയ്ക്കും അദ്ദേഹം രൂപം നല്‍കി. പ്രകൃതി ഭംഗി ക്യാമറക്കണ്ണിലൂടെ പകര്‍ത്തുക എന്നതു മാത്രമല്ല ബോധെയുടെ ലക്ഷ്യം. ഓരോ പ്രൊജക്റ്റിലൂടെയും പ്രകൃതിയെയും പൈതൃകത്തെയും സംരക്ഷിക്കുകയെന്ന സന്ദേശം തന്‍റെ ചിത്രങ്ങളിലൂടെ അദ്ദേഹം ലോകത്തിനു മുന്നിലെത്തിക്കുന്നു.
Vaartha Realty Media (P) Ltd, © 2009 All Rights Reserved

No comments:

Post a Comment