Thursday, 27 August 2009

ബര്‍ത്ത്‌ കിട്ടാതെ ലക്ഷദ്വീപ്‌ കപ്പല്‍ പുറങ്കടലില്‍

മട്ടാഞ്ചേരി: സമരം ചെയ്യുന്ന കപ്പല്‍ ജീവനക്കാര്‍, കപ്പലുമായി പുറങ്കടലില്‍ കുടുങ്ങിയ നിലയില്‍. ലക്ഷദ്വീപ്‌ യാത്രാക്കപ്പലായ 'ടിപ്പു സുല്‍ത്താനാ'ണ്‌ കൊച്ചിക്ക്‌ എട്ട്‌ നോട്ടിക്കല്‍ മൈല്‍ ദൂരെ പുറങ്കടലില്‍ കുടുങ്ങിയിട്ടുള്ളത്‌. ആറ്‌ ദിവസമായി കപ്പല്‍ നങ്കൂരമിട്ട നിലയിലാണ്‌. കൊച്ചിയില്‍ പ്രവേശിക്കുവാന്‍ അനുമതി ലഭിക്കാത്തതിനാലാണിത്‌. 64 ജീവനക്കാരാണ്‌ കപ്പലിലുള്ളത്‌ ഭക്ഷ്യവസ്‌തുക്കള്‍ തീര്‍ന്നതിനാല്‍ ദുരിതത്തിലാണെന്ന്‌ ജീവനക്കാര്‍ പറയുന്നു.

കാറ്ററിങ്‌ വിഭാഗത്തിലെ സ്ഥിരം ജീവനക്കാരെ ഒഴിവാക്കി, ജോലി സ്വകാര്യ കരാറുകാരന്‌ നല്‍കിയതില്‍ പ്രതിഷേധിച്ചാണ്‌ ജീവനക്കാര്‍ സമരം തുടങ്ങിയത്‌. ഷിപ്പിങ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ്‌ കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നത്‌. ജീവനക്കാരുടെ സമരം തീര്‍ക്കുവാന്‍ താത്‌കാലികമായ ചില ഒത്തുതീര്‍പ്പുകളുണ്ടാക്കിയെങ്കിലും, സമരം ഒഴിവാക്കാനായില്ല.

സമരത്തെ തുടര്‍ന്ന്‌ കപ്പല്‍ മൂന്ന്‌ ദിവസം എഫ്‌.എ.സി.ടി. ബര്‍ത്തില്‍ കെട്ടിയിട്ടിരുന്നു. പിന്നീട്‌, ഷിപ്പിങ്‌ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും തുറമുഖാധികൃതരും ഇടപെട്ടശേഷമാണ്‌ കപ്പല്‍ അവിടെ നിന്നും മാറ്റിയതത്രെ.

പുറങ്കടലില്‍ കഴിയുന്ന കപ്പലിലേക്ക്‌ ഭക്ഷ്യവസ്‌തുക്കള്‍ എത്തിക്കുവാനോ, നിയമപ്രകാരം അവര്‍ക്ക്‌ ബോട്ടുകള്‍ നല്‍കുവാനോ ഷിപ്പിങ്‌ ഏജന്‍സിയായ കൊച്ചിയിലെ ജയറാം സണ്‍സ്‌ തയ്യാറാകുന്നില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. സമരത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.

റിപ്പയറിനുവേണ്ടി മാറ്റിയ കപ്പലാണിത്‌. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്‌ ഒക്ടോബറില്‍ ഇറക്കാനിരുന്നതാണ്‌. എന്നാല്‍, പണികള്‍ തുടങ്ങാനായിട്ടില്ല. കപ്പല്‍ കൊച്ചിയില്‍ അടുപ്പിക്കാനായില്ലെങ്കില്‍ പണികള്‍ നടക്കില്ല. ലക്ഷദ്വീപുകാരുടെ യാത്രാക്ലേശങ്ങള്‍ ഇരട്ടിയാകുകയും ചെയ്യും. ജീവനക്കാരുടെ യൂണിയന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്‌.

1 comment:

  1. very good..............
    nammalivide ship illathe bejarakunnu.

    ReplyDelete